ചായ്യോത്ത്: തെരുവുനായകൾ കോഴിഫാമിൽ കടന്ന് 65 കോഴികളെ കടിച്ചുകീറി കൊന്നു. ചായ്യോം ബസാറിലെ കെ.പി. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് കഴിഞ്ഞ ദിവസം രാത്രി തെരുവുനായ്ക്കൂട്ടം കടന്നുകയറിയത്.
കൂടിന്റെ വല തകർത്ത് ഉള്ളിൽ കടന്ന നായ്ക്കൾ കോഴികളെ കടിച്ചുകീറുകയായിരുന്നു. 130 കോഴികളാണ് ഫാമിലുണ്ടായിരുന്നത്. ജീവനോടെ അവശേഷിച്ചവയിൽ പലതും കടിയേറ്റ് മൃതപ്രായമായ നിലയിലാണ്. വിദേശത്തു ജോലിചെയ്യുകയായിരുന്ന ഉണ്ണികൃഷ്ണൻ എട്ടുമാസം മുമ്പാണ് നാട്ടിലെത്തി സഹോദരനൊപ്പം കോഴി ഫാം തുടങ്ങിയത്. അര ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ സ്ഥലം സന്ദർശിച്ചു.